View Activity

വെസ്കോസ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ്ലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗൂഖയെ 3 വിക്കറ്റിന് തകർത്ത് കാസ്ക് കിരീടം ചൂടി.


  Date :04 March 2020  

ദമ്മാം: വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള അഞ്ചാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ്ലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗൂഖയെ 3 വിക്കറ്റിന് തകർത്ത് കാസ്ക് കിരീടം ചൂടി. ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണ്ണമെൻറ്ല്‍ 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ച് കാസ്ക്, സഡാഫ്ക്കോ, ഗൂഖ, സിംഗേഴ്സ് എന്നീ ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടി.

ആദ്യ സെമി ഗൂഖയും സിംഗേഴ്സും തമ്മില്‍ ആയിരുന്നു. ടോസ് നേടിയ ഗൂഖ 8 ഓവറില്‍ 2 വിക്കറ്റ്‌ നഷ്ടത്തില്‍ 129 റൺസ് നേടിയപ്പോൾ സിംഗേഴ്സിന് 5 വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമേ നേടാനായുള്ളൂ. മത്സരത്തില്‍ 27 പന്തുകളിൽ 83 റൺസ് നേടിയ ഗൂഖയുടെ ഫവാസിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. രണ്ടാം സെമി കാസ്ക്കും സഡാഫ്ക്കോയും തമ്മില്‍ ആയിരുന്നു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ കാസ്ക് 8 ഓവറില്‍ 3 വിക്കറ്റ്‌ നഷ്ടത്തില്‍ 103 റൺസ് നേടിയപ്പോൾ സഡാഫ്ക്കോക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് മാത്രമേ നേടാനായുള്ളൂ. മത്സരത്തില്‍ 20 പന്തുകളിൽ 52 റൺസ് നേടിയ കാസ്കിന്റെ ബാലുവിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

കാസ്ക്കും ഗൂഖയും തമ്മില്‍ നടന്ന ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗൂഖ നിശ്ചിത 8 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കാസ്ക് അവസാന പന്തിൽ ലക്ഷ്യം മറികടന്നു. നാല് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ സിക്സർ പറത്തിയാണ് സമ്പത്ത് കാസ്കിനെ വിജയത്തിലെത്തിച്ചത്. ഗൂഖ ഇന്നിങ്സിൽ 13 ബോളിൽ ഒരു ഫോറിൻ്റെയും നാല് സിക്സിൻ്റെയും അകമ്പടിയോടെ 33 റൺസ് എടുത്ത മഹേഷിനെ ബാലുവിൻ്റെ മികച്ച ഒരു ബൗളിംഗിലൂടെ പുറത്താക്കുകയായിരുന്നു. തുടർന്ന് മധ്യനിരയിൽ റയീസും 13(8), ചിക്കുവും 20(11) മികച്ച സംഭാവന നൽകി. ക്യാപ്റ്റൻ സുലൈമാൻ 4 റൺസ് നേടി പുറത്തായി. വൈശാഖ് 2 ഓവറിൽ 28 റൺസ് വിട്ട്കൊടുത്ത് 3 വിക്കറ്റും, സൂഫിയാൻ 2 ഓവറിൽ 10 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റും, റസാഖ് 2 ഓവറിൽ 22 റൺസ് വിട്ട്കൊടുത്ത് ഒരു വിക്കറ്റും നേടി. ഓരോ ഓവർ വീതം എറിഞ്ഞ ബാലുവും സമ്പത്തും ഒരു വിക്കറ്റ് വീതം കരസ്ഥമാക്കി.

ഗൂഖയുടെ മൂർച്ചയുള്ള ബൗളിംഗ് നിരയ്ക്ക് മുന്നിൽ വളരെ കരുതലോടെയാണ് കാസ്ക് ഓപ്പണിംഗ് ബാറ്റ്സ്മാൻമാരായ റാഷിദും, ബാസിതും ബാറ്റേന്തിയത്. എന്നാൽ കാര്യമായ സംഭാവനകൾ ഒന്നും നൽകാനാകാതെ ഇരുവർക്കും മടങ്ങേണ്ടി വന്നു. റാഷിദിനെയും, സെമിയിലെ മാൻ ഓഫ് ദ മാച്ചായ ബാലുവിനെയും അടുത്തടുത്ത പന്തുകളിൽ മടക്കി ഓപ്പണിംഗ് ബൗളർ ആസിഫ് ഗൂഖയ്ക്ക് കിരീട പ്രതീക്ഷ നൽകി. തുടർന്ന് സൂഫിയാനും 11(8), ഹാരിസും 26(14), സന്ദേശും 15(6) നടത്തിയ മധ്യനിരയിലെ ചെറുത്ത്നിൽപ് കാസ്കിന് തുണയായി. 14 പന്തിൽ ഒരു സിക്സിൻ്റെയും 2 ഫോറിൻ്റെയും അകമ്പടിയോടെ 26 റൺസ് എടുത്ത ഹാരിസ് ഇടവേളകളിൽ ബൗണ്ടറികൾ പായിച്ചും വിക്കറ്റിനിടയിൽ റൺസ് ഓടി എടുത്തും ടീമിനെ ഭദ്രമായ നിലയിൽ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവസാന ഓവറിൻ്റെ ആവേശത്തിലേക്ക് നീങ്ങിയ ഫൈനൽ മത്സരത്തിൽ എട്ടാമനായി ഇറങ്ങിയ സമ്പത്തിൻ്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഇത്ര മനോഹരമായ ഒരു വിജയം കാസ്കിന് നേടാനായത്. റയീസിനെയാണ് അവസാന ഓവർ എറിയാൻ ആയി ക്യാപ്റ്റൻ സുലൈമാൻ തിരഞ്ഞെടുത്തത്. ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്നു അവസാന ഓവറിൽ. അഞ്ച് പന്തിൽ 2 വൈഡും ഒരു സിക്സും ഉൾപ്പടെ 8 റൺസ് എടുത്തപ്പോൾ അവസാന പന്തിൽ 4 റൺസ് എന്ന വിജയലക്ഷ്യമായി. സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിർത്തി അവസാന പന്തിൽ സിക്സർ പറത്തി സമ്പത്ത് ത്രസിപ്പിക്കുന്ന വിജയം കാസ്കിന് സമ്മാനിച്ചു. ഗൂഖയുടെ ആസിഫ് 2 ഓവറിൽ 15 റൺസ് മാത്രം വിട്ട്കൊടുത്ത് 4 വിക്കറ്റ് നേടി മികച്ച ബൗളിംഗ് കാഴ്ച്ചവെച്ചു. ചിക്കുവും ഷഫീഖും ഓരോ വിക്കറ്റ് വീതം നേടി.

സമ്മാനദാന ചടങ്ങില്‍ വിജയികൾക്ക് ഉള്ള ചെൽസ മെമ്മോറിയൽ ട്രോഫി വെസ്കോസ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സുരേഷ്, ചാക്കോ വർഗ്ഗീസ് എന്നിവരും ക്യാഷ് അവാർഡ് ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ആസിഫ് ചുണ്ടേൽ, വാഹിദ് എന്നിവർ ചേര്‍ന്നു കാസ്കിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് നേടിയ ഗൂഖ ടീമിനുള്ള ട്രോഫി വെസ്കോസ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രിജി, കാസ്ക്‌ പ്രസിഡൻറ് പ്രദീപ് എന്നിവരും ക്യാഷ് അവാർഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭാഷ്, നസീബ്‌ എന്നിവരും ചേര്‍ന്ന് കൈമാറി. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായ കാസ്കിന്റെ ഹാരിസിനുള്ള ട്രോഫി രാജേഷ് സമ്മാനിച്ചു. മാൻ ഓഫ് ദ സീരീസ് അവാർഡിന് അര്‍ഹനായ ഗൂഖയുടെ ഫവാസിനുള്ള ട്രോഫി സന്തോഷ് സമ്മാനിച്ചു. ഒന്നാം സെമിയില്‍ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത ഫവാസിനുള്ള ട്രോഫി ടെക്നിക്കൽ കൺവീനർ ശ്യാം സമ്മാനിച്ചു. രണ്ടാം സെമിയില്‍ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത ബാലുവിനുള്ള ട്രോഫി ഗിരീഷ് സമ്മാനിച്ചു. ബെസ്റ്റ് ബാറ്റ്സ്മാനുള്ള ട്രോഫി ഗൂഖയുടെ താരം ഫവാസിനു സംഘടനയുടെ വൈസ് പ്രസിഡൻറ് സദർ സുലൈമാൻ സമ്മാനിച്ചു. ബെസ്റ്റ് ബൗളർക്കുള്ള ട്രോഫി കാസ്കിന്റെ താരം വൈശാഖിന് അസിം സമ്മാനിച്ചു. ടൂർണമെൻറ്ഇൽ ഹാട്രിക് നേടിയ റോയൽ സ്ട്രൈക്കേഴ്സിന്റെ കിച്ചുവിനുള്ള ട്രോഫി സംഘടനയുടെ സെക്രട്ടറി സെബിൻ സമ്മാനിച്ചു. വിജയികൾക്കുള്ള മെഡലുകൾ ഷാജികുമാർ, സജി വാസുദേവ്, ഷിബിൻ, ദാസ്ദേവ് എന്നിവർ സമ്മാനിച്ചു. രാജേഷ്, ഗിരീഷ്, സുഭാഷ്, സജി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അസിം, സെബിൻ എന്നിവർ സ്കോറും രേഖപ്പെടുത്തി.

ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന വെസ്കോസ മലയാളി അസോസിയേഷന് തുടർന്നും എല്ലാവിധ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും, കൂട്ടായ പ്രവർത്തനത്തിൻ്റെ വിജയം കൂടിയാണിതെന്ന് കാസ്ക് പ്രസിഡൻ്റ് പ്രദീപ് കുമാർ, ഗൂഖയുടെ ക്യാപ്റ്റൻ സുലൈമാന്‍ എന്നിവർ അറിയിച്ചു. ടൂർണ്ണമെൻ്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമംഗങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ടൂർണമെന്റ് കമ്മിറ്റി അംഗം യാസര്‍ അറാഫത്ത് പരിപാടികൾക്ക് നേതൃത്വം നല്‍കി.