View News

കനിവ് - 2018 പ്രഖ്യാപിച്ചു


'കനിവ് - 2018 'ന്  അർഹരായവരെ തിരഞ്ഞെടുക്കാൻ സംഘടന നടത്തിയ  വ്യക്തമായ അന്വേഷണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ മൂന്ന് പേർക്കാണ് ഇത്തവണത്തെ 'കനിവ് ' നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

1.        ശ്രീ. സുരേഷ്കുമാർ (1 ലക്ഷംരൂപ)

അസോസിയേഷൻ അംഗമായ ശ്രീ.സുരേഷ് നാക്കിന് കാൻസർ ബാധിച്ച് നാട്ടിൽ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നു. ചികിത്സയ്ക്ക് അധികം തുക ആവ്യശ്യമായ സാഹചര്യത്തിൽ ടിയാന്റെ കുടുംബ പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്താണ് 'കനിവ് - 2018 'ന് അദ്ദേഹം അർഹനാണെന്ന് കണ്ടെത്തിയത്.

2.        ശ്രീ. ശ്രീനിവാസൻ (1 ലക്ഷംരൂപ)

അസോസിയേഷൻ അംഗമായ ശ്രീനിവാസന്റെ അമ്മ കാൻസർ ബാധിച്ച് ചികിത്സയിലും, ഭാര്യ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ചികിത്സയിലുമാണ്. കൂടാതെ ശ്രീനിവാസന് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. ഇവരുടെ ചികിത്സയ്ക്കായി നല്ലൊരു തുക ആവ്യശ്യമാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ശ്രീനിവാസന്റെ കുടുംബ പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് അദ്ദേഹം 'കനിവ്-2018 'ന് അർഹനാണെന്ന് കണ്ടെത്തിയത്.

3.        ശ്രീ. സുദേവൻ ( 50,000 രൂപ)

അസോസിയേഷൻ അംഗമായ സുദേവൻ 2017 ഒക്ടോബർ മാസം സ്ട്രോക്ക് വന്ന് രണ്ട് മാസത്തോളം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിലും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലേക്കും മാറ്റുകയും ചെയ്തിരുന്നു. രണ്ട് മാസത്തെ അവിടുത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വീട്ടിൽ ഫിസിയോ തെറാപ്പിയും ചെയ്തു വരുന്നു. തുടർ ചികിത്സയ്ക്ക് ആവ്യശ്യമായി വരുന്ന ചിലവും കൂടാതെ അദ്ദേഹത്തിന് ഇനി സൗദിയിലെത്തി തിരികെ ജോലിയിൽ പ്രവേശിക്കാൻ പറ്റുമോ എന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അദ്ദേഹം 'കനിവ് -2018' ന് അർഹനാണെന്ന് കണ്ടെത്തിയത്.

മൊത്തം 2.5 ലക്ഷം രൂപയാണ് 'കനിവ്-2018' നായി വകയിരുത്തിയിരിക്കുന്നത്. ഈ തുക യഥാക്രമം മൂന്ന് പേർക്കും നാട്ടിലുള്ള സംഘടന അംഗങ്ങളും, സംഘടന ആജീവനാന്ത അംഗങ്ങളും കൂടി ചേർന്ന് വരുന്ന ആഴ്ചയിൽ കൈമാറുന്നതാണ്.

സംഘടനയുടെ വാർഷിക പദ്ധതിയായ 'കനിവ്' ഏർപ്പെടുത്തുന്നത് 2010 മുതലാണ്. കേരളത്തിലെ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഹോപ്പ്, മനസ്സ് എന്നീ സംഘടനകൾക്കാണ് യഥാക്രമം 2010,2011 'കനിവ്' നൽകിയത്. കേരളത്തിലെ 14 ജില്ലാ ആശുപത്രികളിലേക്ക് 2 വീൽ ചെയർ വീതം 'കനിവ് 2013' ന്റെ ഭാഗമായും , കാസർഗോഡ്  ജില്ലയിൽ എൻഡോസൾഫാന്റെ ബലിയാടുകളായ 11 നിർധന രോഗികൾക്കു 20,000 രൂപ വീതം 'കനിവ് 2014' ന്റെ ഭാഗമായും നൽകുകയുണ്ടായി. നാട്ടിൽ വെച്ച് അപകടത്തിൽ പെട്ട് അരയ്ക്ക് കീഴോട്ട് ശരീരം തളർന്നു ചികിത്സയിൽ കഴിയുന്ന അസോസിയേഷൻ അംഗമായ ശ്രീ.സരീഷിന് 2.5 ലക്ഷം രൂപ 'കനിവ് - 2015' ന്റെ ഭാഗമായി നൽകി. 'കനിവ് - 2016' ലൂടെ കിഡ്‌നി സംബന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്ന സംഘടനയുടെ അംഗത്തിന്റെ ഭാര്യക്ക് 3 ലക്ഷം രൂപ ചികിത്സാ സഹായം നല്കാൻ അസോസിയേഷന് കഴിഞ്ഞു. ജോലിക്കിടെ മരണമടഞ്ഞ വെസ്കോസയിലെ താത്കാലിക ജീവനക്കാരനായിരുന്ന ശ്രീ.ദിനേശന്റെ കുടുംബത്തിനാണ് 'കനിവ്-2017' നൽകിയത്. 2.40 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായമായി നൽകിയത്.

ദമ്മാം മീഡിയ ഫോറത്തിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ.സന്തോഷ് കുമാർ കനിവ്-2018 പ്രഖ്യാപനം നടത്തി. ഭാരവാഹികളായ സുരേഷ്, യാസർ അറഫാത്, ഷാജികുമാർ, നാഗേന്ദ്രൻ, അഷ്‌റഫ്, അസീം പേരാണിക്കൽ , നൗഫൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.